കൊല്ലം: സിറ്റി പോലീസ് ഡി.എച്ച്.ക്യൂ ക്യാമ്പിലെ 54 ഉദ്യോഗസ്ഥർക്ക് വീട്ടുവാടക ആനുകൂല്യം (എച്ച്.ആർ.എ) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ക്ലോസ്ഡ് ആംഡ് റിസർവ് വിഭാഗത്തിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ ദീർഘനാളത്തെ മുറവിളികൾക്കാണ് ഇതോടെ പരിഹാരമായത്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം മുതൽ ഉദ്യോഗസ്ഥർക്ക് പരിഷ്കരിച്ച ആനുകൂല്യം ലഭിച്ചുതുടങ്ങും.
തുച്ഛമായ അലവൻസിന് വിരാമം
2021-ലെ ശമ്പള പരിഷ്കരണത്തെത്തുടർന്ന് കുടുംബത്തോടൊപ്പം താമസിക്കുന്ന എ.ആർ വിഭാഗം ഉദ്യോഗസ്ഥർക്ക് വെറും 1500 രൂപ മാത്രമാണ് ‘ബാരക്ക് അലവൻസ്’ എന്ന പേരിൽ ലഭിച്ചിരുന്നത്. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു.
സംഘടനാ ഇടപെടൽ ഫലം കണ്ടു
പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ. അസോസിയേഷൻ പ്രതിനിധികൾ ഈ മാസം മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽ കണ്ട് സമർപ്പിച്ച നിവേദനത്തിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കുകയായിരുന്നു. അസോസിയേഷന്റെ നിശ്ചയദാർഢ്യത്തെയും സർക്കാരിന്റെ അനുകൂല നിലപാടിനെയും ക്യാമ്പിലെ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു




